രാജേഷ് തില്ലങ്കരി
കൊച്ചി: ബംഗ്ലൂർ ലഹരി മരുന്ന് വിവാദത്തിന്റെ അലയടികൾ കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചതിനു പിന്നാലെ സിനിമാലോകവും സംശയത്തിന്റെ നിഴലിൽ.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയുമായുള്ള മയക്കുമരുന്ന് വ്യാപാരി അനൂപ് മുഹമ്മദിനുണ്ടായിരുന്ന ബന്ധമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബിനീഷ് ആണ് തന്നെ സാമ്പത്തികമായി സഹായിച്ചതെന്നും ബംഗളൂരുവിൽ റസ്റ്റോറന്റ് ആരംഭിക്കാൻ സഹായിച്ചത് ബിനോയ് ആണെന്നായിരുന്നു അനൂപിന്റെ മൊഴി.
അനൂപ് തന്റെ അടുത്ത സുഹൃത്താണെന്നും സാമ്പത്തിക സഹായം നൽകിയെന്നും ബിനീഷും സമ്മതിച്ചിരുന്നു. എന്നാൽ അനൂപിന് മയക്കുമരുന്ന് വ്യാപാരം ഉണ്ടായിരുന്ന കാര്യം അറിയില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം.
കൊച്ചി വെണ്ണല സ്വദേശിയായ അനൂപ് മുഹമ്മദ് ബിനീഷിനെകൂടാതെ മറ്റ് ചില പ്രമുഖരുമായി ബന്ധമുണ്ടായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരിൽ ചിലർ മലയാള സിനിമാ രംഗത്തുള്ളവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതോടെയാണ് എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം കൊച്ചിയിലേക്ക് നീളുന്നത്.
ഇന്നലെ കന്നട-മലയാളം സിനിമാ നടിയായ രാഗിണി ദ്വിവേദി അറസ്റ്റു ചെയ്യപ്പെട്ടതും, സജ്ഞന ഗിൽറാണിക്ക് സമൻസ് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയിലും അതിന്റെ പ്രതിഫലനം ഉണ്ടാവുമെന്നാണ് സിനിമാ രംഗത്തുള്ളവർ പറയുന്നത്. നിക്കി ഗിൽറാണിയുടെ സഹോദരിയായ സജ്ഞന ഗിൽറാണി കൊച്ചിയുമായി അടുത്ത ബന്ധമുള്ള നടിയാണ്.
ലഹരി മരുന്നുപയോഗിക്കുന്നുവെന്ന് ആരോപണ വിധേയരായ സിനിമാ നടന്മാരെയും മറ്റു സിനിമാ പ്രവർത്തകരുടെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.
നാല് വർഷം മുൻപ് നടന്ന ലഹരിമരുന്ന് കേസിൽ നടൻ ഷൈൻടോം ചാക്കോ അടക്കം മൂന്നു പേർ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. എന്നാൽ തുടർ അന്വേഷണം
അട്ടിമറിക്കപ്പെടുകയായിരുന്നു. കേസിൽ തുമ്പായുണ്ടായിരുന്ന രേഖകൾ പൊലീസ് തന്നെ നശിപ്പിച്ചു. ഇതോടെയാണ് ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചത്.
മലയാള സിനിമയിൽ പിന്നീടും ഒട്ടേറെ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്മോക്ക് പാർട്ടിയെന്ന പേരിൽ അറിയപ്പെടുന്ന ഡി ജെ പാർട്ടികൾ കൊച്ചിയിൽ രഹസ്യമായും പരസ്യമായും അരങ്ങേറി. അതിലൊക്കെ സിനിമാ പ്രവർത്തകരുടെ പങ്കും ആരോപിക്കപ്പെട്ടിരുന്നു എങ്കിലും അന്വേഷണം കൂടുതൽ ആഴങ്ങളിലേക്ക് പോയില്ലെന്നതാണ് വസ്തുത.
ലൊക്കേഷനിലും കാരവാനിലുമടക്കം മയക്കുമരുന്നു സൂക്ഷിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ചില സിനിമാ നിർമ്മാതാക്കൾ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നിട്ടും അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയില്ല.
ഒരു കേസ് എവിടെയെങ്കിലും റിപ്പോർട്ടു ചെയ്യുമ്പോൾ മാത്രമാണ് പേരിനൊരു അന്വേഷണം നടക്കുക.
സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടുന്ന കേസിൽ അന്വേഷണം മുന്നോട്ടു പോവില്ലെന്ന ഉറപ്പിലാണ് കൊച്ചിയിൽ ലഹരിമരുന്ന് വ്യാപാരം തഴച്ചു വളരാൻ കാരണം.
നേരത്തെ ഗോവയായിരുന്നു മയക്കുമരുന്നിന്റെ പ്രധാന കേന്ദ്രം. ഗോവയിൽ പൊലീസ് പിടിമുറുക്കിയതോടെ രു സംഘം കൊച്ചിയിലേക്ക് മാറി. കൊച്ചിയിലും പരിസര പ്രദേശങ്ങളും മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിട്ട് അഞ്ചു വർഷമെങ്കിലും ആയിട്ടുണ്ട്. കൊച്ചി, കൂടാതെ ആലപ്പുഴ, മൂന്നാർ, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലുമായി മയക്കുമരുന്നു സംഘം തമ്പടിക്കുകയായിരുന്നു.
ന്യൂജെൻ സിനിമാ പ്രവർത്തകരിൽ പലരും മയക്കുമരുന്നിന്റെ പിടിയിലാണെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ ആരോപണം. കൃത്യസമയത്ത് സിനിമയുടെ ചിത്രീകരണം തീർക്കാത്തതിലും മറ്റും കഴിഞ്ഞ വർഷമുണ്ടായ തർക്കങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
നേരത്തെ ഹിന്ദി സിനിമയിൽ മാത്രം കേട്ടിരുന്ന ലഹരി കേസുകൾ ഇപ്പോൾ മലയാലാത്തിലേക്കും നീങ്ങിയിരിക്കുകയാണ്.
പ്രമുഖ നടൻമാരിലേക്കും സംവിധായകരിലേക്കും അന്വേഷണം നീങ്ങുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവിരം.