കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. വയനാട് ലക്സിന് ടൂറിസ്റ്റ് ഹോം മാനേജര്‍ പാളക്കൊല്ലി ഉദയക്കര രജിത്ത് ദാസിനാണ് മര്‍ദ്ദനമേറ്റത്. ശരീരമമാസകലം ഇയാള്‍ക്ക് ലാത്തിയടിയേറ്റു. നട്ടെല്ലിന് പരിക്കുള്ളതായി സംശയമുണ്ട്. പുറത്തും നടുവിനും കൈകാലുകളിലുമെല്ലാം ലാത്തിയടിയേറ്റ പാടുകളുണ്ട്. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയിരുന്നു. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറയ്ക്കുന്നതുള്‍പ്പെടെ ചെയ്ത ശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. ഈ സമയം പുല്‍പ്പള്ളി ട്രാഫിക് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി മടങ്ങുകയാണെന്ന് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. തുടര്‍ന്ന് ഫോണില്‍ ടൂറിസ്റ്റ് ഹോം ഉടമയെ വിളിച്ച് പൊലീസുകാര്‍ക്ക് നല്കാന് ശ്രമിച്ചു, അപ്പോള്‍ ഒരു പൊലീസുകാരന് ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചു. ഇതിന് പിന്നാലെ മറ്റ് പൊലീസുകാരും ആക്രമിച്ചെന്നും രജിത്ത് പറയുന്നു.