ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ‌ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച സംഭവത്തിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ് പൊലീസ് പത്ത് പേരെ അറസ്റ്റ് ചെയ്തത്. കൂടാതെ എഴുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് ഡിവൈഎഫ്ഐ സഹായിക്കുകയായിരുന്നു. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളാണ് നെൽകൃഷിയിറക്കിയത്. ഇതിൽ ഒരു സംഘത്തിന്റെ നെല്ല് പാകമായതോടെ യുവജന സംഘടന സഹായവുമായി എത്തുകയായിരുന്നു.

എന്നാൽ, ലോക്ക് ഡൗൺ കാലത്ത് മതിയായ മുൻകരുതൽ നിർദേശങ്ങൾ ഒന്നും തന്നെ സ്വീകരിക്കാതെയായിരുന്നു പ്രവർത്തകർ തടിച്ചുകൂടിയത്. മാസ്ക് ഉള്‍പ്പെടെ ധരിച്ചില്ലെന്ന് മാത്രമല്ല, ശാരീരിക അകലമെന്ന നിബന്ധനയും പാലിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.

എന്നാൽ, ഇത്രയധികം ആളുകൾ കൂടിയിട്ടും പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നതിന് പിന്നാലെയാണ് കേസിലേക്കും അറസ്റ്റിലേക്കും നടപടികൾ നീണ്ടത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലം കൂടിയാണ് കൊയ്ത്തുത്സവം സംഘടിപ്പ പോരുവഴി.

Leave a Reply

Your email address will not be published. Required fields are marked *