ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി. എം വി അറേബ്യൻസീ എന്ന കപ്പൽ ഇന്ന് രാവിലെ ഏഴിനാണ് കൊച്ചിയിലെത്തിയത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചിയുടെ തീരമണഞ്ഞത്. വെല്ലിങ്ടൺ ഐലൻഡിലെ ക്രൂയിസ് ബെർത്തിലെത്തിയ കപ്പലിൽ നിന്ന് പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നത്. ലക്ഷദ്വീപിൽ നിലവിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാത്തതിനാൽ എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിൽ തുടരാണമെന്നാണ് നിർദേശം.കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിൽ നിന്ന് കപ്പൽ ലക്ഷദ്വീപിലേക്ക് പോയത്.

നേരത്തെ, മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തിയിരുന്നു. യാത്രക്കാരിൽ 440 മലയാളികളാണ് ഉള്ളത്. 18 ഗർഭിണികളും 14 കുട്ടികളും യാത്രക്കാരിൽ ഉണ്ട്. 698 യാത്രക്കാരിൽ 595 പുരുഷൻമാരും 109 സ്ത്രീകളുമാണുള്ളത്. 36 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് കപ്പൽ തീരത്ത് അടുത്തത്. സമുദ്രസേതു ഒഴിപ്പിക്കൽ ഘട്ടത്തിൻ്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *