ആവണിപ്പാറ: ലോക്ക് ഡൗൺ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് അവശ്യ വസ്തുക്കളുമായെത്തിയത് ജില്ലാ കളക്ടര്‍ പി ബി നൂഹും എംഎല്‍എ കെ യു ജനീഷ് കുമാറും . അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും കോളനിയിലെത്തിയത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്.
പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് വിതരണംചെയ്തു. കോളനിയിലെ ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിക്കല്‍ സംഘത്തെ വരുത്തി പരിശോധന നടത്തി ആവശ്യമായ മരുന്നും വിതരണം ചെയ്ത ശേഷമാണ് കളക്ടറും എംഎല്‍എയും മടങ്ങിയത്.