ദുബൈ: കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’. ലോകമൊട്ടാകെ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി പ്രവാസികളാണ് സ്വദേശത്തേക്ക് എത്താന്‍ കഴിയാതെ കുടുങ്ങിപ്പോയത്. ഇവരില്‍ പലരും നിരവധി ബുദ്ധിമുട്ടുകള്‍ ആണ് നേരിടുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ളവരെ സഹായിക്കുകയാണ് ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’ എന്ന പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മ.

ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഒത്തുകൂടാനുള്ള ഒരു ഇടമാണ് ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’. ഗള്‍ഫ്, യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള 50000-ത്തോളം പ്രവാസികള്‍ അടങ്ങുന്നതാണ് ഈ കൂട്ടായ്മ.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഭക്ഷണവും ഭക്ഷണസാധനങ്ങളും എത്തിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കാനും കോവിഡ് ബാധിച്ചവരെ ഹോസ്പിറ്റലുകളില്‍ എത്തിക്കാനും അവരെ കോറന്റൈന്‍ ചെയ്യാനും മെഡിക്കല്‍ ടീമിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ്ങ് സേവനം ലഭ്യമാക്കാനും ‘ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’ മുന്‍കൈ എടുക്കുന്നുണ്ട്.

ഒപ്പം കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്ടര്‍മാരുടെ ലൈവ് സെഷന്‍സും എന്റര്‍ടെയ്ന്‍മെന്റിനായി ഗായകരേയും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലൈവുകളും’ഓള്‍ കേരള പ്രവാസി അസോസിയേഷന്‍’ നടത്തിവരുന്നുണ്ട്. കൂടാതെ പ്രവാസികള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നവരെ ആദരിക്കാനും ഇവര്‍ മുന്‍പന്തിയിലുണ്ട്.

മതപരവും രാഷ്ട്രീയപരവുമായ ഒരു കാര്യങ്ങള്‍ക്കും ഈ കൂട്ടായ്മയില്‍ സ്ഥാനമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോഴുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും പിന്നീട് ജോലി ഒഴിവുകള്‍, യാത്രാ വിശേഷങ്ങള്‍, ഭക്ഷണ പരീക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാണ് ഇവരുടെ പദ്ധതി. ലോകത്തിലെ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുത്തി വലിയൊരു പ്രവാസി കൂട്ടായ്മയാവുകയാണ് ഇവരുടെ ലക്ഷ്യം. ഇതുവഴി എല്ലാ പ്രവാസികളേയും ഒരുമിച്ച് നിര്‍ത്താനും പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *