ഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യം നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. ബഹ്‌റിന്‍, ഒമാന്‍, യുഎഇ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടുത്തമാസം ഒന്നാം തിയതി മുതല്‍ 15-ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

യുഎഇ, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിഗപ്പൂരില്‍ നിന്ന് ഒരു വിമാനവുമാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മുതല്‍ ദിവസം 40 മുതല്‍ 50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജൂലൈയില്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ പ്രധാനമായും വിമാനങ്ങള്‍ എത്തുന്നത്. ഒന്നാം തിയതി ബഹ്റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്. മുന്‍ഗണനാക്രമം പാലിച്ച് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.

വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ പുതുതായി ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. പ്രവാസികള്‍ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധനയടക്കം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *