രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം എത്തിച്ചെന്ന വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി ഇടപെട്ടു ഭക്ഷണം എത്തിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അന്വേഷിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍പെട്ട മലപ്പുറം ജില്ലയിലെ കരുവാരകുണ്ടില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പത്രങ്ങളില്‍ വന്നതെന്ന് കണ്ടെത്തി. അവിടെ അന്വേഷണം നടത്തിയപ്പോള്‍ കരുവാരകുണ്ട് ഇരങ്ങാട്ടേരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം കോര്‍ട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ചുകൊടുക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇവിടെ സന്ദര്‍ശനം നടത്തി 25 കിറ്റുകള്‍ നല്‍കി. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചു നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്തുകൊള്ളാമെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ നല്‍കിയത്. ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും വന്നിട്ടില്ലെന്ന് ഉറപ്പാണ്. അങ്ങനൊരു പരാതി ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. ഇന്നലെ തന്നെ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചരണമെന്ന നിലയില്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ വയനാട്ടില്‍ സഹായം എത്തിച്ച് സ്മൃതി, അമേഠിയില്‍ സഹായവുമായി രാഹുലും എന്നൊരു വാര്‍ത്ത ഇന്ന് ഡല്‍ഹിയില്‍ വന്നത് കണ്ടു. സ്മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന ആര്‍.എസ്.എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. എല്ലാവരോടും ഒരു കാര്യമേ പറയാനുള്ളു, സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസം നേരിടുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെയാണ് ചെയ്തു കൊടുക്കുന്നത്. അതിന് ഭംഗം വരുന്ന രീതിയില്‍ മത്സരവും തെറ്റായ പ്രചാരണവുമുണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *