വയനാട്ടിൽ കുരങ്ങു പനി ബാധിച്ച യുവാവിന് ചികിത്സ വൈകിയതായി പരാതി. മാനന്തവാടി സ്വദേശിയായ 29 കാരന്‍ വിനോദാസിനാണ് ചികിത്സ വൈകിയത്. ഇതിന് തുടര്‍ന്ന് യുവാവിന്റെ സഹോദരി ആരോഗ്യമന്ത്രിക്ക് പരാതി നൽകി. യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കോവിഡ് പരിശോധനാ ഫലത്തിന് കാത്തു നിന്നതിനാൽ രോഗ നിർണയം വൈകി എന്ന് സഹോദരി ദര്‍ശന പരാതിയില്‍ പറയുന്നു.

ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ അറിയുന്നതിന്, എന്റെ പേര് ദർശന. വയനാട്, മാനന്തവാടി ആണ് സ്വദേശം. കൊറോണയുടെ പേരിൽ രോഗിയുടെ യഥാർത്ഥ രോഗം തിരിച്ചറിയാതെ ശരിയായ രീതിയിൽ ചികിത്സ കിട്ടാതെ ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കിടക്കുന്ന എന്റെ സഹോദരന് വേണ്ടിയാണ് ഞാനീ മെസ്സേജ് അയക്കുന്നത്.

എന്റെ സഹോദരൻ വിനോദാസിനു (29 വയസ്സ്) 10 ദിവസങ്ങൾക്കു മുൻപ് പനി, ശരീര വേദന, ലൂസ് മോഷൻ എന്നിവ ഉണ്ടാവുകയും ഈ വിവരം തൊട്ടടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ ആശാ വർക്കർ മുഖേന അറിയിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സഹോദരൻ വീട്ടിൽ തന്നെ തുടരുകയും 4 വിധത്തിലുള്ള ടാബ്‌ലറ്റ് കഴിക്കുകയും ചെയ്തു. തുടർന്നുള്ള 2 ദിവസം മരുന്ന് കഴിച്ചെങ്കിലും യാതൊരു വിധ മാറ്റങ്ങളും ഉണ്ടായില്ല.തുടർന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടറെ വിവരം അറിയിക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യണ്ട കാര്യമില്ലെന്നും മരുന്ന് തുടർന്നാൽ മതിയെന്നും covid പ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ പോയാൽ ലോക്‌ഡോൺ കഴിയുന്നത് വരെ അവിടെ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. അതിനെ തുടർന്ന് ഒരു ദിവസം കൂടി വീട്ടിൽ മരുന്ന് കഴിച്ചു കിടന്നെങ്കിലും സഹോദരന്റെ ശരീരാസ്വാസ്ഥ്യങ്ങൾ കൂടി വന്നു. തുടർന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു തീരുമാനിക്കുകയും ഈ വിവരം ഹെൽത്ത്‌ ഇൻസ്‌പെക്ടറെ അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ആംബുലൻസ് വരികയും സഹോദരനെ കൊണ്ട് പോവുകയും ചെയ്തു.

മാനന്തവാടി ഗവണ്മെന്റ് ആശുപത്രിയിൽ ഐസൊലേഷനിൽ മാർച്ച്‌ 28 മുതൽ തുടർന്നുള്ള 4 ദിവസം യാതൊരു വിധ ചികിത്സയും ലഭിക്കാതെ കൊറോണയുടെ ടെസ്റ്റിന്റെ റിസൾട്ടിനായി ആശുപത്രി ജീവനക്കാർ കാത്തു നിൽക്കുകയും ഏട്ടന്റെ നില ഗുരുതരമാവുകയും ചെയ്തു. പനിയും, ഛർദിയും, ശരീര വേദനയും, ലൂസ് മോഷനും കാരണം യാതൊന്നും കഴിക്കാനാവാതെ 4 ദിവസം ഐസൊലേഷനിൽ കിടന്ന സഹോദരൻ ശാരീരികമായും മാനസികമായും അവശനാവുകയും ഇതേ തുടർന്ന് ആശുപത്രിയിൽ നിന്നും സഹോദരന്റെ നില ഗുരുതരമാണെന്നും വേഗം തന്നെ മറ്റൊരു ഹോസ്പിറ്റലിൽ മാറ്റണമെന്നുമുള്ള വിവരം ലഭിക്കുകയും ചെയ്തു.

വീട്ടിൽ കർണാടകയിൽ നിന്നും വന്നതു കാരണം ക്വാറന്റൈനിൽ കഴിയുന്ന ഞാനും, ഒന്നര മാസങ്ങൾക്കു മുന്നേ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ അച്ഛനും, ഏട്ടത്തിയും, 2 വയസ്സുള്ള സഹോദര പുത്രനും ആണുള്ളത്. അതുകൊണ്ട് തന്നെ ഏട്ടത്തിയാണ് ഹോസ്പിറ്റലിൽ പോയത്. അവിടെ നിന്നും 5 മണിയോടെ ആംബുലൻസിൽ അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും അന്വേഷണത്തിൽ WIMS മേപ്പാടി, Leo കൽപ്പറ്റ എന്നിവിടങ്ങളിൽ ചികിത്സാ സൗകര്യം ഇല്ലെന്നു പറയുകയും തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വാർഡിൽ കിടത്തുകയും പ്രത്യേക കെയർ കിട്ടാതെ 1 മണിക്കൂറോളം അവിടെ തുടരുകയും ചെയ്തു. തുടർന്ന് ICU സൗകര്യമില്ലെന്നും പറഞ്ഞു ആശുപത്രിയിൽ നിന്നും ഒഴിവാക്കുകയും മറ്റൊരു നല്ല ഹോസ്പിറ്റലിൽ ഉടൻ തന്നെ കൊണ്ടു പോകണമെന്ന് പറയുകയും 9. 30 യോടെ ആംബുലൻസിൽ പുറപ്പെട്ട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 11മണിയോടെ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തു.ഉടനെ തന്നെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ എത്തിക്കുകയും തുടർന്നുള്ള ചികിത്സയിൽ ഇൻഫെക്ഷൻ ബ്രെയിൻ, കിഡ്നി, ലിവർ എന്നുതുടങ്ങിയ ശരീരാവയവങ്ങളെ ബാധിച്ചിരിക്കുന്നതായും പരിശോധനയിൽ KFD പോസിറ്റീവ് ആണെന്നും അറിയാൻ കഴിഞ്ഞു. ഇപ്പോൾ ചികിത്സ നടന്നു കൊണ്ടിരിക്കുന്നു.

ഒരു പനിയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക് ചെന്ന എന്റെ സഹോദരനെ ശരിയായി പരിശോധിക്കാതെ 4 ദിവസത്തോളം അവിടെ കിടത്തുകയും, കൊറോണയുടെ ടെസ്റ്റിന് മാത്രം പ്രാധാന്യം നൽകി കൃത്യമായ രോഗവിവരം മനസ്സിലാക്കാതെ ആരോഗ്യസ്ഥിതി ദുർബലപ്പെടുത്തുകയും, ഒരു ജീവന് അതിന്റേതായ വില കൽപ്പിക്കാതെ സൂചി കൊണ്ടു എടുക്കാമായിരുന്ന ഒന്നിനെ തൂമ്പ കൊണ്ടു എടുക്കാൻ ഇടയാക്കിക്കിയ ആശുപത്രി ജീവനക്കാരും അധികൃതരും ആണ് എന്റെ സഹോദരന്റെ ഈ സ്ഥിതിക്ക് കാരണം. ഒരു സാധാരണ കുടുംബത്തിലെ അംഗമായ ഞങ്ങൾക്ക് ബേബി മെമ്മോറിയൽ പോലുള്ള വലിയൊരു ആശുപത്രിയിൽ നിന്നുമുള്ള ചെലവുകൾ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ‘രാജ്യത്തു ഒരു വ്യക്തി പോലും ശരിയായ ചികിത്സ കിട്ടാതെ കഷ്ടപ്പെടരുത്’ എന്ന് പറയുന്ന സർക്കാർ ഞങ്ങൾക്കുണ്ടായ ഈ ദുരനുഭവം കണക്കിലെടുത്തു വേറെ ആർക്കും തന്നെ ഇങ്ങനൊരു ദുർവിധിക്കു ഇട വരുത്തരുതേയെന്നും അഭ്യർത്ഥിക്കുന്നു…..ഞങ്ങളുടെ മനോവിഷമം മനസ്സിലാക്കുമെന്നും ഉടനെ തന്നെ തുടർ നടപടികൾ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.. പ്രതീക്ഷയോടെ, ദർശന. വി

Leave a Reply

Your email address will not be published. Required fields are marked *