എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വ്യത്യസ്ത മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വം. എഴുത്തുകാരന്, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എം.പി വീരേന്ദ്രകുമാര്‍.
പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയിലാണ് അദ്ദേഹം ജനിച്ചത്. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എംവി ശ്രേയാംസ്കുമാര്‍(ജോയിന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).
മദിരാശി വിവേകാന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദവും ഇദ്ദേഹം നേടി.
നിരവധി പ്രസ്താനങ്ങളില്‍ പ്രവര്‍ത്തിച്ച എംപി വീരേന്ദ്രകുമാര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന് മെമ്പര്‍,വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് എംപി വീരേന്ദ്രകുമാര്‍ സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
1987-ലാണ് എംപി വീരേന്ദ്രകുമാര്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമാകുന്നത്. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവ് വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നതായിരുന്നു. ഇദ്ദേഹം 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള് പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി അച്യുത മേനോന് സാഹിത്യപുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. മരിക്കുമ്പോള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാ എംപിയുമായിരുന്നു അദ്ദേഹം.