കൊല്ലം: കോവിഡ് വ്യാപനത്തിനിടെ എത്തിയ വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവച്ചെന്ന് പരാതി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃത്യമായ വിവരങ്ങള്‍ അറിയിച്ചില്ലെന്നുകാട്ടി ആലപ്പാട് പഞ്ചായത്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. വിദേശികളുടെ കണക്ക് ആരോഗ്യവകുപ്പിനും ജില്ലാഭരണകൂടത്തിനും നല്കിയിരുന്നെന്നാണ് മഠത്തിന്റെ വിശദീകരണം. ഇതിനിടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മഠത്തില്‍ പരിശോധന നടത്തി.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ആശ്രമത്തിലെത്തിയ 22 വിദേശികളുടെ വിവരങ്ങള്‍ അറിയിച്ചില്ലെന്നാണ് പരാതി. വിദേശികള്‍ എത്തി ആഴ്ചകള്‍ക്ക് ശേഷമാണ് പഞ്ചായത്ത് വിവരം അറിയുന്നത്. കോവിഡ് വ്യാപനത്തിനിടെ മഠത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലെ തീരുമാനപ്രകാരമാണ് കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പകർച്ചവ്യാധി നിയമം, 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ നിരീക്ഷണം പ്രഖ്യാപിച്ചതു മുതലുളള കണക്കുകള്‍ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നെന്നാണ് മഠത്തിന്റെ വിശദീകരണം. ആരോഗ്യവകുപ്പിന്റെ നിരീക്ഷണ നിര്‍ദ്ദേശം വരും മുന്‍പ് മഠത്തിലെത്തിയവരെയും ക്വാറന്റൈനിലാക്കിയിരുന്നു. മഠത്തില്‍ നിന്ന് ശരിയായ കണക്ക് ലഭിച്ചെന്ന് ജില്ലാ ഭരണകൂടവും പോലീസും പറയുന്നു.
പരാതി ഉയര്‍ന്നതോടെ മഠത്തില്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിദേശികളായി 709 പേരും നിരീക്ഷണ കാലയളവില്‍ വന്ന 68 പേരുമാണ് ഇവിടെ ഉള്ളത്. ഇവരെ പ്രത്യേക കെട്ടിടത്തില്‍ പാര്‍പ്പിച്ചു വരികയാണ്. മാര്‍ച്ച് ഒന്നിന് ശേഷം മഠത്തില്‍ എത്തിയവരുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *