വിറ്റാമിൻ സി കോവിഡിന് പ്രതിവിധിയാണെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ പറഞ്ഞതായി നടൻ ശ്രീനിവാസൻ. വിറ്റാമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും. അപ്പോൾ ഒരു വൈറസിനും നിലനിൽക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അമേരിക്കപോലുള്ള രാജ്യങ്ങൾ ആദ്യംതന്നെ ഈ വാദത്തെ എതിർത്തു. മരുന്നുണ്ടാക്കി വിൽക്കുന്നതിലാണ് അവർക്ക് താൽപര്യമെന്നും മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ശ്രീനിവാസൻ പറയുന്നു.
ശ്രീനിവാസന്റെ ലേഖനത്തിൽ നിന്ന് :
ഈ ഘട്ടത്തിൽ വേറിട്ട ചില ചിന്തകൾകൂടി എനിക്ക് പങ്കുവെക്കാനുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരടക്കം വിദഗ്ധർ വിറ്റാമിൻ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വിറ്റാമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും. അപ്പോൾ ഒരു വൈറസിനും നിലനിൽക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അമേരിക്കപോലുള്ള രാജ്യങ്ങൾ ആദ്യംതന്നെ ഈ വാദത്തെ എതിർത്തു. മരുന്നുണ്ടാക്കി വിൽക്കുന്നതിലാണ് അവർക്ക് താൽപര്യം. അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയിലെ ഭൂരിഭാഗം പേരും കൈക്കൂലിക്കാരാണ്. ലോകാരോഗ്യസംഘടനയും നമ്മുടെ ഐഎംഎയും അതിനെ പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയിൽ നമ്മൾ പിന്തുടരുന്നത് അമേരിക്കൻ സമ്പ്രദായമാണ്. അത് സാമ്പത്തികലാഭത്തിൽ അധിഷ്ഠിതമാണ്. ചൈനക്ക് തൊട്ടടുത്തുള്ള ജപ്പാനെ കോവിഡ് കാര്യമായി ബാധിച്ചില്ല. എന്തുകൊണ്ടാണെന്ന് നമ്മൾ പഠിക്കണം.
ചെന്നൈയിൽ ഒരു സ്കാനിങ്മെഷീൻ കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തി മാത്രം വെച്ച് ദേഹം മുഴുവൻ സ്കാൻ ചെയ്യാം. നമ്മുടെ നാട്ടിൽ വലിയ ഗുഹക്കുള്ളിൽ എന്നതുപോലെ ആളുകളെ കയറ്റിയാണ് സ്കാൻ ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച് സ്കാൻ ചെയ്യുമ്പോൾ നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെ വേറെ ഡോക്ടർമാരാണ്. ജപ്പാനിൽ ഫാമിലി ഡോക്ടർമാരാണ്. എല്ലാ രോഗവും ഒരു ഡോക്ടർതന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപതി ഡോക്ടർമാർ പലരും പറയുന്നു, കോവിഡിന് അവരുടെ കൈയിൽ മരുന്നുണ്ടെന്ന്. ശരിയോ തെറ്റോ ആകാം. പക്ഷേ, ഇതൊന്നും പരീക്ഷിച്ചുനോക്കാൻപോലും നമ്മുടെ രാഷ്ട്രീയം തയാറല്ല. ഇതൊക്കെ തുറന്നുപറയുന്നവർ തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലിൽ കിടക്കാൻ താൽപര്യമില്ലാത്തതിനാൽ ഞാനും കൂടുതൽ പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം.