പാലക്കാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാള്‍ (73) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. സഹോദരനോടും കൊച്ചുമകനോടുമൊപ്പം ഒരു കാറിലാണ് മെയ് 25-നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്നും പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. നാട്ടിലേക്കെത്തുമ്പോള്‍ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ക്ക് ആദ്യം നടത്തിയ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് വീട്ടില്‍ നിരീക്ഷണം തുടരാന്‍ നിര്‍ദ്ദേശിച്ചു.

മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മരണശേഷം അയച്ച സാംപിള്‍ ആണ് കൊവിഡ് പൊസീറ്റീവായത്. ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്നു തന്നെ നടത്തും. ഇവരോടൊപ്പം നാട്ടിലെത്തിയ കൊച്ചുമകനും പനിയുണ്ട്. ഇയാളും ആശുപത്രിയിലാണ്. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ പതിനൊന്നായി.

Leave a Reply

Your email address will not be published. Required fields are marked *