കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജൂലൈ 2 ന് ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടില്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാള്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാല്‍ ഇവരെത്തും മുന്‍പ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു. ദുബായില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് കാര്യമായ സമ്പര്‍ക്കപ്പട്ടികയില്ലെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *