തിരുവനന്തപുരം: സര്‍ക്കാര്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശബരിമല ക്ഷേത്രം തുറക്കാം എന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം രംഗത്തെത്തി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍ ജൂണ്‍ 30 വരെ തുറക്കേണ്ടെന്നാണ് തീരുമാനം.

ക്ഷേത്ര ഭരണ സമിതിയാണ് പത്മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കം ടിടികെ ദേവസ്വത്തിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിത്യപൂജകള്‍ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം.

അടുത്ത ആഴ്ച ശബരിമലയില്‍ ഉത്സവം നടക്കാനിരിക്കെ ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള ഭക്തരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പിഎന്‍ നാരായണവര്‍മ്മ വ്യക്തമാക്കി. സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ ജൂണ്‍ മുപ്പത് വരെ തിരുമല ക്ഷേത്രത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിന്‍ തിരുമല ദേവസ്വം കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *