മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സര്‍വീസില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയനുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന്റെ സേവനം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജില്ലാ നേതാക്കളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐഎഎസുകാരും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ കേസിലെ ഒന്നാം പ്രതിയാണ്. കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *