സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശിനി ആമിന (53) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ വിദേശത്ത് നിന്ന് എത്തിയത്. അർബുദ ബാധിതയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം അഞ്ചായി.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെവച്ച് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിരുന്നു. കൊവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്.