കോവിഡ് 19 രോഗബാധിതരെ കണ്ടെത്താൻ സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒപ്പം സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ മെഡിക്കൽ , എൻജിനീയറിങ്ങ് എൻട്രൻസ് പരീക്ഷകൾ ആണ് മാറ്റിവെച്ചത്.

സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി. കമ്യൂണിറ്റി കിച്ചണിൽ കൂടുതൽ പേർ പാടില്ലെന്നും ചുമതല ഉള്ളവർ മാത്രം മതിയെന്നും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹത ഉള്ളവർക്ക് മാത്രമേ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകാവൂ എന്നും അദ്ദേഹം നിർദേശിച്ചു.

ബ്രേക്ക് കൊറോണ പദ്ധതി തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവൻരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണം വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം പത്ര വിതരണം തടസ്സപ്പെടുത്തരുതെന്നും അത് അവശ്യ സർവീസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവർ അറിയിക്കണമെന്നും ഗുണനിലവാരം ഉറപ്പുവരുത്തി ഭക്ഷ്യവസ്തുക്കൾ സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ ഒന്നിന് അരിവിതരണം തുടങ്ങുമെന്നും റേഷൻ കാർഡ് വഴി അരി വാങ്ങാൻ ആവാത്ത അവരുടെ കണക്കെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കർണാടക ഉറപ്പു പാലിച്ചില്ലെന്നും അതിർത്തികൾ മണ്ണിട്ടു അടച്ചത് ഉറപ്പ് പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ നിന്ന് അനുകൂല തീരുമാനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടുമായി നാളെ നടുപ്പുള്ളിയിൽ ചർച്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി നേതൃത്വം നൽകും.

കണ്ണൂർ എസ് പി ആളുകളെ ഏത്തം ഇടീച്ചതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ പ്രവർത്തി പോലീസിന്റെ യശസിന് മങ്ങൽ ഏൽപ്പിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *