തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നെന്ന് ശക്തമായ ആശങ്ക. സംസ്ഥാനത്ത് തുടരുന്ന ആന്റി ബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. എഴുപതിലേറെ രോഗികള്‍ക്ക് ആരില്‍ നിന്ന് രോഗം പകര്‍ന്നെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ 21 മരണങ്ങളില്‍ ഉറവിടമറിയാതെ എട്ടുപേരാണ് മരിച്ചത്. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആര്‍ നടത്തിയ സിറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്ത് വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയിക്കാന്‍ കാരണം.

തിരുവനന്തപുരത്ത് മദ്യം കഴിച്ച് കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയുന്നത്. അതുപോലെ കാസര്‍ഗോഡ് ചക്ക വീണ് പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കോവിഡുണ്ടെന്ന് അറിയുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താതെ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇത് സംബന്ധിച്ച് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഇടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. ഒരു വിഭാഗം സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്ന് പറയുന്നു. മുഖ്യമന്ത്രി ഇത് സബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഈ വിദഗ്ധ സമിതി പറയുന്നത്.

കൊല്ലത്ത് ദ്രുത പരിശോധനയില്‍ ഒരാള്‍ക്ക് ഐജിജി പോസിറ്റീവ് ആയി കണ്ടെത്തി. അതായത് രോഗം വന്നുപോയി എന്ന് ചുരുക്കം. രോഗ ഉറവിടം അജ്ഞാതമാണ്. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നാലുപേര്‍ പോസീറ്റീവ് ആയി. എന്നാല്‍ പിസിആര്‍ പരിശോധനയില്‍ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്ന എല്ലാവരേയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നില്ല. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *