​​നാഷ്ണൽ ഡസ്ക്: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാറിനെ താഴെയിടാൻ ബി.ജെ.പിയുമായി ചേർന്ന് പൈലറ്റ് ​ഗൂഡാലോചന നടത്തിയത് നേരത്തെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ​ഗവർണ്ണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട് വെളിപ്പെടുത്തി.

സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ വിവരം ​ഗവർണറെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഗോവിന്ദ് സിംഗ് ദോതസ്രയെയാണ് പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചത്. സച്ചിന്റെ ക്യാമ്പിലുള്ള രണ്ട് മന്ത്രിമാരെയും പുറത്താക്കിയ വിവരവും ഗവർണറെ ഗെഹ്ലോട്ട് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ ഗൂഡാലോചനയിൽ സച്ചിൻ പൈലറ്റ് പങ്കാളിയായെന്നും കോൺഗ്രസ് ആരോപിച്ചു. നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പങ്കെടുത്തിരുന്നില്ല. പ്രിയങ്കാഗാന്ധിയുടെ അനുനയ ശ്രമവും വിജയിച്ചിരുന്നില്ല. സച്ചിനുമായി ചേർന്ന് കോൺ​ഗ്രസ് സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുന്ന സച്ചിന്റെ കൈവശം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സച്ചിൻ പൈലറ്റ് ട്വിറ്ററിൽ നിന്നും തന്റെ സ്ഥാനമാനങ്ങൾ നീക്കി. സത്യം വളച്ചൊടിക്കാം പക്ഷേ തോൽപ്പിക്കാൻ ആവില്ലെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അതേസമയം രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *