സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. നടപടി നിയമവിധേയമാക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് പ്രകാരമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ഇതുപ്രകാരം ഇത്തരത്തില്‍ ഒരു ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടാകും. എങ്ങനെ എന്ന് തിരിച്ചു നല്‍കണം എന്നുള്ളത് ഇത്തരത്തില്‍ നടപടി സ്വീകരിച്ച ശേഷം ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി.

കേരള ഹൈക്കോടതി പറഞ്ഞത് പൂര്‍ണമായും അംഗീകരിച്ച് തന്നെയാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരെടുത്ത നടപടി നിയമപരമല്ലെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ നടപടി നിയമപരമാക്കാന്‍ സര്‍ക്കാര്‍ താരുമാനിച്ചിരിക്കുകയാണ്. അതിനാണ് ഓര്‍ഡിനന്‍സ്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഓര്‍ഡിനന്‍സിന് അംഗീകാരം കിട്ടിയ ശേഷം അടുത്ത മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്നും, നിയമവ്യവസ്ഥയെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനന്‍സ് അനുസരിച്ച് ശമ്പളം മാറ്റിവെക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എപ്പോള്‍ മടക്കി നല്‍കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത്തരം സാഹചര്യമാണ് നിലവിലുള്ളത്. ഈ ആവസ്ഥ പ്രതിപക്ഷത്തിന് ഇതുവരെ മനസിലായിട്ടില്ല. ആയിരം കോടിയെങ്കിലും കടമെടുത്താല്‍ മാത്രമെ ശമ്പളം കൊടുക്കാന്‍ സാധിക്കൂ എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *