കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രന്. നമ്മുടെ ആരോഗ്യസംവിധാനങ്ങളെ നന്നായി ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാണ്. നമ്മുടെ പരിമിതിയില്‍ നിന്നുകൊണ്ട് നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നുണ്ട്. പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാ ദിവസവും കുളിച്ച് കുപ്പായമിട്ട് വരികയാണെന്നും ബിജെപി പ്രസിഡന്റ്. ഗവണ്മെന്റിന്റെ ക്രിയാത്മക പരിപാടികളുമായി സഹകരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. പ്രതിപക്ഷം ഇവിടെ രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക അജണ്ട മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് അഹോരാത്രം ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യം രക്ഷപ്പെടാന്‍ വേണ്ടി പരിശ്രമിക്കുന്നത്. എല്ലാ ദിവസവും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് ശരിയായ നിലപാടല്ല.
ക്രിയാത്മക വിമര്‍ശനം നടത്തണം. പ്രതിപക്ഷത്തിന്റേത് നിഷേധാത്മക രീതിയാണ്. നരേന്ദ്രമോഡി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നയമാണ് രമേശ് ചെന്നിത്തലയുടേത്. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള ഫോണ്‍ വിളിയൊക്കെ ശരിയായ കാര്യങ്ങള്‍ അല്ലെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.