കള്‍ച്ചറല്‍ ഡെസ്ക്: സിനിമ ഹറാമായിരുന്ന മുസ്ലിം സമുദായം ഇപ്പോള്‍ സിനിമയെ നിരൂപണം ചെയ്തു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ് മുസ്ല്യാക്കന്മാരുടെ സിനിമാറിവ്യൂകള്‍. സുഫിയും സുജാതയുമാണ് മുല്ലകളെ ഹാലിളക്കിയിരിക്കുന്നത്.
സുജാതയും സൂഫിയും എന്ന സിനിമയിലെ സൂഫി യഥാര്‍ത്ഥ സൂഫിയല്ലെന്നാണ് പ്രധാനപ്രശ്നം. സുഫിയും സുജാതയും തമ്മിലുളള പ്രണയം ആത്മീയ പ്രണയം അല്ലെന്നും മുല്ലമാര്‍ വാദിക്കുന്നു. ചിലരുടെ വാദങ്ങള്‍ വളരെ ബാലിശമാണ്. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നന്നായി ട്രെന്‍ഡിങ് ആകുന്നുണ്ട് അവരുടെ നിരൂപണ പ്രസംഗങ്ങള്‍.
സാംസ്കാരികമായി യാഥാസ്ഥിതികരായ കേരളത്തിലെ മുസ്ലിംകള് വിമര്ശനത്തിനായെങ്കിലും സിനിമ കാണാനോ കേട്ടറിയാനോ ശ്രമിക്കുന്നതുവെന്നതാണ് ശരിക്കും ഈ സിനിമയുടെ വിജയം. ‘ഈ സിനിമ വെറും ഫിക്ഷന്‍’ ആണെന്ന് സ്ക്രീനീങ് തുടങ്ങുമ്പോള്‍ തന്നെ എഴുതികാട്ടിയിട്ടുണ്ടെന്ന വാദങ്ങളൊന്നും മുഖവിലക്കെടുക്കാതെ വിമര്‍ശനം തുടരുകയാണ് മുല്ലമാര്‍.
ബാലിശമായതാണ് മിക്ക വാദങ്ങളെങ്കിലും യഥാര്‍ത്ഥത്തില്‍ സൂഫിസമെന്തെന്ന് വ്യക്തമാക്കുന്ന ഗഹനമായ പഠനഗവേഷണങ്ങളും യൂട്യൂബില്‍ കറങ്ങുന്നുണ്ട്. പക്ഷെ, മുല്ലമാര്‍ വല്ലാത്ത അഥോറിറ്റോറിയന് വാദങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഏതു വിജ്ഞാനവും അതിന്റെ ഉറവിടത്തില്‍ നിന്നും പഠിക്കണം. അതിനാല്‍ സൂഫിസം എന്താണെന്നും അവര്‍ പറയുന്നത് അനുസരിക്കണമെന്നാണ് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതര്‍ പറയുന്നത്.
പുരോഹിതരെ പിന്തളളി പുതുതലമുറ പുതുവഴികള്‍ തേടുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. ആ ഭയത്തിന് ഒരു മദ്ധ്യകാല സ്വഭാവമുണ്ടെന്നത് ഒരു സാംസ്കാരിക പ്രശ്നമാണ്. സിനിമയിലേക്ക് വരികയാണെങ്കില്‍ കാണാന്‍ നല്ല ചന്തവും ചേലുമൊക്കയുളള ഒരു സിനിമയാണ് സൂഫിയും സൂജാതയും. ലൗസ്റ്റോറികളില് അല്‍പ്പം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമ എന്ന നിലക്ക് ആര്‍ക്കും മുഷിയാതെ കണ്ടിരിക്കാവുന്ന മൂവിയാണ് സൂഫിയും സുജാതയും.