സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു.

ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. കസ്റ്റംസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ് എന്‍.ഐ.എയെ സംബന്ധിച്ച് ഇനി നിര്‍ണായകമാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *