സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ. ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജിവച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിൽ പ്രതികരിച്ചു.

സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നുവെന്ന് കണ്ണൻ ​ഗോപിനാഥൻ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും ലഭ്യമാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരിക്കില്ല അത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയ്ക്ക് ആ കടമ നിര്‍വഹിക്കാന്‍ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താന്‍ രാജിവച്ചിട്ട് ഏകദേശം എട്ട് മാസം കഴിഞ്ഞിരിക്കുന്നെന്നും ഇപ്പോള്‍ തന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നതിന്റെ ഉദ്ദേശം ഉപദ്രവിക്കുക എന്നത് മാത്രമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ഐഎഎസ് രാജി‍വച്ച കണ്ണന്‍ ഗോപിനാഥനെ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചുവിളിക്കുന്നതായാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കണ്ണൻ ​ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശം ആക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സിവില്‍ സര്‍വീസില്‍ നിന്ന് കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്. ഇതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികള്‍ക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *