കേരള ഹൈക്കോടതി ഉത്തരവിന് ശേഷവും കാസർക്കോട് അതിർത്തിയിൽ അനിശ്ചിതത്വം. ജില്ലയില്‍ നിന്നും മംഗലാപുരത്തേക്കുള്ള ദേശീയ പാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതിർത്തി തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്‌. ഡോക്ടറുടെ അനുമതി ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് കര്‍ണാടകം നല്‍കിയിക്കുന്നത്.

നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേരളത്തിലെയും കര്‍ണാടകത്തിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര ഇടപെടലിലും ഫലം കാണാത്ത സാഹചര്യത്തിലാണ് അതിര്‍ത്തി തുറക്കാന്‍ കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകം കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും മനുഷ്യജീവന്റെ പ്രശ്‌നമാണ് ഇതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് മംഗളുരുവിലേക്ക് പോകാന്‍ സൗകര്യമൊരുക്കണം. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി പറഞ്ഞു.

അതിര്‍ത്തിപ്പാത തുറക്കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് കോടതി വീക്ഷിച്ചു. ചികിത്സ കിട്ടാത്ത ആറു പേര്‍ കാസര്‍ക്കോട് മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കേരളം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ളവരെ ചികില്‍സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരം ആശുപത്രികളില്‍ നിന്നും ലഭിച്ച കത്തും സത്യവാങ്മൂലത്തില്‍ ഉള്‍പെടുത്തിയിരുന്നു.    

കേരളത്തിന്റെ അഭ്യര്‍ത്ഥനകള്‍ കര്‍ണാടകം തുടര്‍ച്ചയായി നിരസിക്കുന്ന സാഹചര്യത്തില്‍ മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാമെന്ന് തുടങ്ങിയ നിര്‍ദേശങ്ങള്‍ സംസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് കര്‍ണാടകം പ്രതികരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേരള ഹൈക്കോടതിയുടെ ഇടപെടല്‍. കേരള ഹൈക്കോടതിയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കര്‍ണാടകം വാദിച്ചെങ്കിലും ജനങ്ങളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘മൗലികാവശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടകം  ബാധ്യസ്ഥരാണ്’, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു കേരളഹൈക്കോടതി വ്യക്തമാക്കി.

ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകം അതിര്‍ത്തിയില്‍  കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.  രോഗിയെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രമേ അതിര്‍ത്തി കടക്കാന്‍ സാധിക്കുകയുള്ളു

Leave a Reply

Your email address will not be published. Required fields are marked *