തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം തുടങ്ങി അഞ്ച് ദിവസത്തിനകം 75 ശതമാനം കാർഡുടമകൾ സൗജന്യ റേഷൻ വാങ്ങി. അവധി ദിവസമായ ഞായറാഴ്ച 10,06,659 കാർഡുകാർ റേഷൻ വാങ്ങി. 14,195.02 മെട്രിക് ടൺ അരി വിതരണംചെയ്തു. ഏപ്രിലിൽ ഇതുവരെ 65,30,048 കാർഡുകാർ റേഷൻ വാങ്ങി. 20 വരെ സംസ്ഥാന സർക്കാരിന്റെ സൗജന്യ അരി വിതരണം ചെയ്യും. 20നകം റേഷൻ വാങ്ങാനാകാത്തവർക്ക് 30 വരെ വാങ്ങാം.

20-ന് ശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തിൽനിന്ന്‌ അധികം ലഭിക്കുന്ന അരിയാണ് വിതരണംചെയ്യുക. ഈ വിഹിതം മെയ്, ജൂൺ മാസങ്ങളിലും റേഷൻകടവഴി ലഭിക്കും. ഇപ്പോൾ ലഭിക്കുന്ന സംസ്ഥാന വിഹിതത്തിനു പുറമെയാണ് അന്ത്യോദയ, മുൻഗണനാ വിഭാഗങ്ങൾക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക.

കോവിഡ്–- 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണ നടപടി പുരോഗമിക്കുകയാണ്. സപ്ലൈകോയുടെ 56 ഡിപ്പോയിൽ ഭക്ഷ്യധാന്യ പായ്ക്കിങ് നടക്കുന്നു. ഈ ആഴ്ചമുതൽ വിതരണം തുടങ്ങും.
ആദ്യം എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുക. കിറ്റ് ആവശ്യമില്ലാത്തവർക്ക് മറ്റുള്ളവർക്ക് നൽകാനുള്ള സൗകര്യം സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *