ലോകമൊന്നടങ്കം കൊറോണ ഭീതിയിൽ പകച്ചുനിൽക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നതുമാത്രമാണ് മരുന്നുപോലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കൊറോണ വൈറസിനെ നേരിടാൻ ഉള്ള ഏക മാർഗ്ഗമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലും പറഞ്ഞു വെക്കുകയാണ്. ജാതിയോ മതമോ വർഗ്ഗമോ ഒന്നുമില്ലാതെ എല്ലാവരും ഒരേ ഭീതിയോടെയാണ് കൊറോണയെ നോക്കിക്കാണുന്നത്. അതിർത്തികൾ എല്ലാം അടച്ച് , പൊതുഗതാഗതങ്ങളെല്ലാം നിർത്തി വെച്ച് എവിടെയാണോ ഇരിക്കുന്നത് അവിടെത്തന്നെ സുരക്ഷിതരായി കഴിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്.

ഒരൊറ്റ രാത്രി കൊണ്ട് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പലരും സ്വദേശങ്ങളിലോ സ്വന്തം വീടുകളിലോ ആയിരുന്നില്ല. ഉപജീവനമാർഗ്ഗം തേടിയോ, മികച്ച ജീവിത സാഹചര്യങ്ങൾ അന്വേഷിച്ചോ മറ്റു പല ദേശങ്ങളിലേക്കും പോയ ആർക്കും ഈ കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ സ്വദേശത്തേക്ക് തിരിച്ചെത്താൻ കഴിയുമായിരുന്നില്ല. ദിവസക്കൂലിക്ക് പണിയെടുക്കാൻ അന്യദേശങ്ങളിലേക്ക് പോയവരുടെ ജീവിതം തികച്ചും അനിശ്ചിതത്വത്തിലായി. ജീവിക്കാൻ പണമോ, കഴിക്കാൻ ഭക്ഷണമോ, എന്തിന് താമസിക്കാൻ ഒരിടം പോലും ഇല്ലാത്തവർ അനേകമായിരുന്നു. ഇത്തരമൊരു അവസ്ഥയിലാണ് രാജ്യതലസ്ഥാനത്തു നിന്നും ഒരു കൂട്ടം അന്യ സംസ്ഥാന തൊഴിലാളികൾക്ക് സ്വദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നത്. പൊതു ഗതാഗത മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോൾ കൈ കുഞ്ഞുങ്ങളും വളരെ ചെറിയ ജീവിത സമ്പാദ്യങ്ങളുമായി അഞ്ചുറും ആയിരവും കിലോമീറ്ററുകൾ നടന്ന് സ്വദേശങ്ങളിലേക്ക് പോകുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങൾ ഹൃദയഭേദകം തന്നെയായിരുന്നു.

ഈ വാർത്തകൾ അവസാനിക്കുന്നതിനു മുമ്പാണ് നമ്മുടെ കേരളത്തിലും അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് തിരിച്ചു പോകണമെന്ന ആവശ്യവുമായി സമരം ചെയ്യാൻ ഇറങ്ങിയത്. ആരും പരസ്പരം തൊടുകപോലും ചെയ്യാതെ, വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടാതെ പകച്ചു നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്.

കേരള സർക്കാരിന്റെ നിലപാട് അനുസരിച്ച് കേരളത്തിലെ ഓരോ മനുഷ്യനും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എല്ലാദിവസവും മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ അതിഥി തൊഴിലാളികളെയും കൃത്യമായി പരിഗണിക്കാറുണ്ട്. ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ കേരള സർക്കാർ നടപ്പിലാക്കുന്ന ‘കമ്മ്യൂണിറ്റി കിച്ചൻ ‘ പദ്ധതിയിലൂടെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ നിർദേശമുണ്ടായിരുന്നു. കേരളത്തിലെ വിഭവങ്ങൾ ഭക്ഷിക്കാൻ ബുദ്ധിമുട്ട് അറിയിച്ച കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളികൾക്ക് അവരുടെ വിഭവങ്ങൾ സ്വയം പാചകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട് എന്നതാണ് കളക്ടറുടെ വിശദീകരണം.

ഇത്തരമൊരു സാഹചര്യത്തിൽ മറ്റൊരു സ്ഥലത്ത് കുടുങ്ങിപ്പോകുന്ന ആളുകൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും കേരളത്തിലെ അതിഥി തൊഴിലാളികൾക്കും ഉണ്ടാവാം. ഈയൊരു സാഹചര്യം പരമാവധി ഒഴിവാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാൻ അതതു പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. എല്ലാ അതിർത്തികളും അടച്ചിരിക്കുന്ന അവസ്ഥയിൽ ഈ തൊഴിലാളികളെ കേരളത്തിൽ തന്നെ സംരക്ഷിക്കുക എന്നതല്ലാതെ സ്വദേശത്തേക്ക് മടക്കി അയക്കാൻ കേരള സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. അത് ഏതൊരാൾക്കും ഊഹിക്കാൻ കഴിയുന്നത് ഉള്ളൂ.

കേരള സർക്കാർ ഇത്രയൊക്കെ ചെയ്തിട്ടും കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളികൾ നിരോധനാജ്ഞ പോലും ലംഘിച്ച് കൂട്ടം ചേരണമെങ്കിൽ അതിനു പിന്നിൽ സ്വാഭാവികമായ ആശങ്ക മാത്രമാണ് ഉള്ളതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പൊതുവിൽ വരുംദിവസങ്ങളെക്കുറിച്ചു ആശങ്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിന് ഇടയിലേക്ക് തെറ്റായ സന്ദേശങ്ങളോ ആശയങ്ങളോ ആരെങ്കിലും പ്രചരിപ്പിച്ചത് ആകാനെ വഴിയുള്ളൂ. ഒരു സമൂഹം മുഴുവൻ വെന്റിലേറ്ററിൽ കിടക്കുമ്പോൾ ഇത്തരം ഒരു ഗൂഢാലോചന ആരു നടത്തിയത് ആയാലും അതിന്റെ ഉദ്ദേശം ചെറുതാവില്ല. രാഷ്ട്രീയ ലാഭമോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതീക്ഷിച്ചാണ് ഇങ്ങനെയൊരു നീക്കമെങ്കിൽ അതിനു പറ്റിയ സമയം ഇതല്ല. ആരാണോ ഇത് ചെയ്യുന്നത് അവരൊരിക്കലും മാപ്പർഹിക്കുന്നില്ല. പരമാവധി ആശങ്കകളും ആകുലതകളും അകറ്റി അതിർവരമ്പുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കേണ്ട ഈ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം ചെയ്തവർ സമൂഹത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കേരളത്തിൽ ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ ഇതിനെയും ചിലർ രാഷ്ട്രീയമായി മുതലെടുക്കാനുള്ള അവസരമായി കാണുന്നുണ്ട്. ഇതിനൊരുദാഹരണമാണ് പ്രമുഖ ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ഒരു അവസരത്തിൽ നല്ല ആശയങ്ങൾ മാത്രം പ്രചരിപ്പിക്കേണ്ടപ്പോൾ സർക്കാരിനെയും സർക്കാർ എടുക്കുന്ന നിലപാടുകളെയും വിമർശിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
“വൈകുന്നേരം ആറുമണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി. ആർ. കമ്പനിയെവെച്ച് പ്രചരിപ്പിച്ചതും കൊണ്ട് എല്ലാമായി എന്ന ധാരണ തിരുത്താനായിരിക്കുന്നു. ഇവിടെ ഗോഡൗണുകൾ മുഴുവൻ ഭക്ഷ്യധാന്യങ്ങൾ നിറഞ്ഞു കിടക്കുകയാണ്. അത് ഫലപ്രദമായി വിതരണം ചെയ്യാൻ സർക്കാരിനായില്ല. കമ്യൂണിറ്റി കിച്ചനു വേണ്ടി ഒരു നയാ പൈസ സർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. ലോക്കൽ മാനേജുമെന്റ് തീർത്തും അവതാളത്തിലായിരിക്കുകയാണ്.” എന്നതായിരുന്നു പോസ്റ്റ്‌.

ഇക്കാര്യത്തിൽ മലയാളത്തിലെ പ്രമുഖ മാധ്യമമായ ട്വന്റി ഫോർ ന്യൂസ് എടുത്ത നിലപാട് പ്രശംസനീയർഹമാണ്. പായിപ്പാട്ട് സമരത്തിന്റെ ദൃശ്യങ്ങൾ ടെലികാസ്റ്റ് ചെയ്യില്ലെന്നും കാട്ടുതീയാവലല്ല പ്രാണവായു ആവുകയാണ് ഈ നേരത്തെ മാധ്യമധർമ്മം എന്നായിരുന്നു 24ന്യൂസിന്റെ നിലപാട്. ചാനൽ വ്യക്തമാക്കിയ കാരണങ്ങൾ ഇവയാണ് :

  1. പ്രാദേശിക ഭരണകൂടങ്ങൾ കൃത്യമായി ഇടപെടുകയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്.
  2. ടി.വിയിൽ ദൃശ്യങ്ങൾ കണ്ട് കൂടുതലിടങ്ങളിൽ അതിഥി തൊഴിലാളികൾ പാനിക്കാകാനും സംഘടിക്കാനും തെരുവിലേക്കിറങ്ങാനും സാധ്യതയുണ്ട്. ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനത്തിനു കാരണമാവുന്നതിനാൽ ഈ പ്രതിഷേധം നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.
  3. പ്രതിഷേധക്കാരുടെ പ്രാഥമികാവശ്യം നാട്ടിൽ പോവുക എന്നതാണ്. അതിന് കേരള സർക്കാർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല എന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന സാഹചര്യമാണ് നിലവിൽ.

ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നിരവധി പേരാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *