കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ ലോക്ക് ഡൗൺചൈന അവസാനിപ്പിച്ചു. 76 ദിവസം നീണ്ട ലോക്ക് ഡൗൺ അവസാനിപ്പിച്ചതോടെ പ്രദേശത്തുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്നാണ് ലോകമാകെ കോവിഡ് രോഗം പടര്‍ന്നുപിടിച്ചത്.

ജനുവരി 23 മുതല്‍ അടച്ചിട്ടിരുന്ന വുഹാന്‍ നഗരത്തിന്റെ അതിര്‍ത്തികള്‍ ഇതോടെ ചൈന തുറന്നു. അതേസമയം നഗരത്തില്‍ ചില നിയന്ത്രണങ്ങള്‍ തുടരാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 1.1 കോടി ജനങ്ങളാണ് വുഹാനില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 76 ദിവസം കര്‍ശ നിയന്ത്രണങ്ങളോടെ കഴിഞ്ഞത്.

ആരോഗ്യമുള്ള ആര്‍ക്കും വുഹാനില്‍ നിന്നും വുഹാനിലേക്കും പോകാനുള്ള അനുമതി ബുധനാഴ്ച്ച ലഭിച്ചു. ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ കുറഞ്ഞത് 40000 പേരെങ്കിലും വുഹാനില്‍ നിന്നും പുറത്തേക്ക് പോകുമെന്നാണ് ചൈനീസ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് 19നെതിരായ പോരാട്ടത്തില്‍ വുഹാനിലെ ലോക്ഡൗണ്‍ അവസാനിപ്പിക്കാനായത് വന്‍ നേട്ടമായാണ് ചൈന വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ പുതിയ കൊറോണ വൈറസ് രോഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെയാണ് ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിക്കുന്നു. അതേസമയം ചൈനയുടെ മറ്റുഭാഗങ്ങളില്‍ നിന്നും പുതിയ കോവിഡ് രോഗികള്‍ വുഹാനിലേക്ക് വന്നാല്‍ അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാകും ഇനിയുള്ള ദിവസങ്ങളിലെ വെല്ലുവിളി.

ചൈനയിലുണ്ടായ ആകെ കോവിഡ് മരണങ്ങളുടെ 77 ശതമാനവും വുഹാനിലായിരുന്നു. ആകെ അരലക്ഷത്തോളം പേര്‍ക്കാണ് വുഹാനില്‍ കോവിഡ് ബാധിച്ചത്. 2500 പേര്‍ മരിക്കുകയും ചെയ്തു. ഇവിടെ നിന്നും ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡ് ഇരുന്നൂറോളം രാജ്യങ്ങളില്‍ 14 ലക്ഷം പേരിലേക്കാണ് ഇതുവരെ പകര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *