കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും എണ്ണക്കമ്പനികള്‍ കൂട്ടി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്പനികള്‍ കൂട്ടുന്നത്. 53 പൈസയാണ് ഇന്ന് പെട്രോളിന് കൂട്ടിയത്. ഡീസലിന് 61 പൈസയും കൂട്ടി. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77. 97 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 72.37 രൂപയുമാണ് വില.

ഇന്ധന വില ഉയരാന്‍ തുടങ്ങിയത് ജൂണ്‍ ഏഴ് മുതലാണ്. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ ഇന്ധന വില ഇപ്പോള്‍. 19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 41.12 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *