ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ മത്സരം ഇന്ത്യന്‍ സമയം 3.30നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ തിരിച്ചടിയായിരിക്കുകയാണ്. സതാംപ്ടണ്‍ സ്റ്റേഡിയത്തിലെ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ മഴയില്ലെങ്കിലും ഏത് സമയവും മഴ പെയ്യാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ആളില്ലാത്ത സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരങ്ങള്‍ കളിക്കാര്‍ക്ക് വിരസമാവാതിരിക്കാന്‍ കാണികളുടെ റെക്കോര്‍ഡഡ് ആരവവും പാട്ടും കേള്‍പ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണ ഇടവേളക്ക് ശേഷം ശൂന്യമായ സ്റ്റേഡിയങ്ങളില്‍ പുനരാരംഭിച്ച ഫുട്‌ബോള്‍ മത്സരങ്ങളില്‍ പരീക്ഷിച്ച അതേ ആശയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതിന് താരങ്ങള്‍ സമ്മതം മൂളിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ടീമില്‍ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്. ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. നാളെ ആദ്യ ടെസ്റ്റ് നടക്കുമ്പോള്‍ ഈ മാസം 16, 24 എന്നീ തിയതികള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി നടക്കും. നാളത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങള്‍ മാഞ്ചസ്റ്ററിലുമാണ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *