കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർ​ഗനിർദേശം പുറത്തിറക്കി. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പുതിയ ഇളവുകളൊന്നുമില്ല. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.

പതിനാല് പേജുള്ള മാർ​ഗനിർദേശങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. അവശ്യ സർവീസുകൾ തുടരുമെന്നല്ലാതെ പുതിയ ഇളവുകളൊന്നും പുതിയ മാർ​ഗരേഖയിലില്ല. പൊതു​ഗതാ​ഗതം നിലവിൽ പുനഃരാരംഭിക്കില്ല. ട്രെയിൻ, വ്യോമ​ഗതാ​ഗതം നിർത്തിവയ്ക്കുന്നത് തുടരും. ലോക്ക് ഡൗൺ കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടായിരിക്കില്ല. പുതിയ മാർ​ഗനിർദേശത്തിൽ വ്യവസായ മേഖലയ്ക്കും ഇളവില്ല.

സർക്കാർ ഓഫീസുകൾ അടഞ്ഞു തന്നെ കിടക്കും. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മറ്റും താത്കാലിക കോൾ സെന്റർ ആരംഭിക്കണമന്ന് നിർദേശത്തിൽ പറയുന്നു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നു തന്നെ പ്രവർത്തിക്കണം. അവശ്യ സർവീസുകൾക്കുള്ള ഒാഫീസുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കണം. ചരക്കുനീക്കം സു​ഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാം. ഹോം ഡെലിവറി കൂടുതൽ പ്രോത്സാഹിപ്പിക്കാം. കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ചില ഇളവുകൾ നൽകി. സംസ്ഥാനങ്ങൾ അമിത ഇളവ് നൽകരുതെന്ന നിർദേശവും കേന്ദ്രം നൽകി.

Leave a Reply

Your email address will not be published. Required fields are marked *