സംസ്ഥാനത്ത് ഇന്ന് രോഗം സ്വീകരിച്ചവരുടെ മൂന്നിരട്ടി രോഗമുക്തരായി. സംസ്ഥാനത്തെ രോഗവ്യാപനം കുറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

268 ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുപോയി. രോഗമുക്തരായവർ കേരളത്തിന് നന്ദി അറിയിച്ചു.

ആൾക്കൂട്ട നിയന്ത്രണം തുടരും. ആരാധനാലയങ്ങൾ, മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് നിയന്ത്രണം തുടരും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ 20 മുതൽ ഇളവ്. എന്നാൽ വിമാനയാത്ര, ട്രെയിൻ, മെട്രോ തുടങ്ങിയ പൊതുഗതാഗതം ഉണ്ടാവില്ല. ജില്ലാ അതിർത്തി കടന്നുള്ള യാത്രയ്ക്ക് വിലക്ക് തുടരും. കേന്ദ്രം പറഞ്ഞ നിയന്ത്രണം പാലിക്കും.

മേഖലകളായി തിരിച്ചായിരിക്കും നിയന്ത്രണം. രോഗബാധ കൂടുതൽ ഉള്ള ജില്ലകൾ ചേർത്ത് ഒരു മേഖല ആക്കണമെന്ന് നിർദേശം. കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകൾ ഹോട്ട്സ്പോട്ടുകൾ.

കാസർകോട്ടും കണ്ണൂരും മലപ്പുറത്തും കോഴിക്കോടും ലോക് ഡൗൺ ഇളവുകൾ ഉണ്ടാവില്ല. മറ്റു ജില്ലകളിൽ ഇളവിന് കേന്ദ്ര അനുമതി വേണം. തീവ്ര ബാധിത ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും. ഹോട്ട്സ്പോട്ട് വില്ലേജുകൾ അടച്ചിടും.

പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകൾ ആണ് രണ്ടാം മേഖലയിൽ പെടുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകൾ മൂന്നാം മേഖലയിലാണ്. ഈ മേഖലയിൽ ഭാഗികമായി സാധാരണജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും. മൂന്നാം മേഖലയിലെ ജില്ലകളിൽ കടകൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കാം. അഞ്ച് ജില്ലകളിൽ കടകളും റസ്റ്റോറന്റുകളും വൈകിട്ട് 7 മണി വരെ തുറക്കാം. റെസ്റ്റോറന്റുകൾ ഹോം ഡെലിവറി സംവിധാനത്തിൽ തന്നെ തുടരണം.

കോട്ടയവും ഇടുക്കിയും നാലാം മേഖലയിലാണ്. നാലാം മേഖലയിലും ജില്ല വിട്ട് യാത്ര പാടില്ല. നാലാം മേഖലയിൽ സുരക്ഷാക്രമീകരണങ്ങളോടെ സാധാരണജീവിതം അനുവദിക്കും. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. ഓരോ ജില്ലയ്ക്കും പ്രത്യേക പ്രതിരോധ പ്ലാൻ തയ്യാറാക്കും.

രോഗമുക്തരായവർ 14 ദിവസം മറ്റുള്ളവരുമായി സമ്പർക്കം പാടില്ല. നിയന്ത്രണം കുടുംബത്തിനും ബാധകമാണ്. തദ്ദേശസ്ഥാപനങ്ങൾ രോഗമുക്തരായവരെ പ്രത്യേകം നിരീക്ഷിക്കും.

ആശുപത്രി, ക്ലിനിക്, ഫിസിയോതെറാപ്പി സെന്ററുകൾ തുറന്നു പ്രവർത്തിക്കാം. രോഗികളായ മുതിർന്ന പൗരന്മാർക്ക് ഡോക്ടർമാരോട് ടെലി മെഡിസിൻ സംവിധാനത്തിലൂടെ സംസാരിക്കാം. ടെലി മെഡിസിൻ ചുമതല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക്. സ്വകാര്യമേഖലയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. ആയുർവേദ ഹോമിയോ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി.

ഹോട്ട്സ്പോട്ട് ഇതര സ്ഥലങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. പരമ്പരാഗത വ്യവസായ മേഖലകൾക്കും പ്രവർത്തനാനുമതി നൽകി. സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് വ്യവസായ സ്ഥാപനങ്ങൾക്ക് എൻട്രി പോയിൻറ് വേണം. ഒരു സമയം 50 ശതമാനം തൊഴിലാളികൾക്ക് മാത്രം ജോലി ചെയ്യാം. ജീവനക്കാർക്ക് സ്ഥാപനങ്ങൾ വാഹന സൗകര്യം നൽകാൻ തയ്യാറാകണം.

റബ്ബർ സംസ്കരണ ശാലകൾ പ്രവർത്തിക്കാം. കെട്ടിട നിർമ്മാണ പ്രവർത്തികൾ തുടരാം. കാർഷികവൃത്തി നടത്താം. കാർഷികോൽപന്നങ്ങൾ സംഭരിക്കുകയും വിൽക്കുകയും ചെയ്യാം. വെളിച്ചെണ്ണ സംസ്കരണത്തിന് അനുമതി നൽകി. സഹകരണ സ്ഥാപനങ്ങൾ തുറക്കാം. ഏലം ഉൾപ്പെടെ തോട്ടം മേഖലയിൽ ഇളവ്. കാർഷിക വിപണി തുറക്കാം. കൃഷിഭവൻ, വില്ലേജ് ഓഫീസ്, അക്ഷയ സെൻറർ എന്നിവ തുറന്നു പ്രവർത്തിക്കാം.

ബാർബർ ഷോപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാം. സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കരുത്. സ്ഥാപനങ്ങൾക്ക് എസി പ്രവർത്തിക്കരുത്. രണ്ടുപേരിൽ അധികം സേവനത്തിനായി കാത്തിരിക്കരുത്. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *