സംസ്ഥാനത്ത് ഇനി പൊതുസ്ഥലത്ത് മലമൂത്രവിസർജനം നടത്തിയാൽ പിഴ. 500 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് പിഴ ഒടുക്കേണ്ടി വരിക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്കുള്ള പിഴ നിശ്ചയിച്ച് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതോടൊപ്പം പൊലീസ് ആക്ടില്‍ നിര്‍വചിച്ചിട്ടില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും പിഴയിടാക്കാമെന്ന് ഭേദഗതി വരുത്തി. ഇതോടെയാണ് പൊതുസ്ഥലത്തെ മലമൂത്രവിസർജനം പിഴ അടയ്ക്കേണ്ട കുറ്റകൃത്യമായത്.

കുറ്റകൃത്യങ്ങൾക്ക് അനുസരിച്ച് 500 മുതൽ 5000 രൂപവരെയാണ് പിഴ. അനുസരിച്ച് 1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളിൽ, 5000 രൂപവരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാർക്കും ഈടാക്കാനാകും.

മറ്റ് കുറ്റങ്ങളും പിഴയും:

പോലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ.

പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നൽകുകയോ ചെയ്താലും 5000 രൂപ.

18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ.

മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ.

വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.

വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ.

മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *