കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പങ്കുവച്ച ബോധവത്കരണ വീഡിയോയിൽ ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റർമാരാണ് പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ടീമിലുള്ളവരും വിരമിച്ചു കഴിഞ്ഞവരുമൊക്കെ വീഡിയോയിൽ ഉണ്ട്.

ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കോലിക്ക് ശേഷം ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ഇന്ത്യൻ ഉപനായകൻ രോഹിത് ശര്‍മ്മ, മുൻ താരം ഹര്‍ഭജന്‍ സിംഗ്, വനിതാ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍, മുൻ ക്യാപ്റ്റൻ രാഹുല്‍ ദ്രാവിഡ്, മുൻ ഓപ്പണർ വിരേന്ദര്‍ സേവാഗ്, മുൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്, ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവരൊക്കെ ബോധവത്കരണ വീഡിയോയിൽ അണിനിരക്കുന്നു. വീട്ടിൽ സ്വയം നിർമ്മിച്ചതെന്ന് പരിചയപ്പെടുത്തിയാണ് താരങ്ങൾ മാസ്കുകൾ ധരിക്കുന്നത്, മാസ്കുകൾ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കാമെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും താരങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *