ദില്ലി: വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് സര്‍ക്കാരിനോട് ഇപ്പോള്‍ പറയാനാകില്ലെന്ന് സുപ്രീംകോടതി. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കും. കോടതി അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും നല്‍കാനും കോടതി നിര്‍ദേശിച്ചു.

അതേസമയം കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടുളള വിവിധ ഹ‍ർജികള്‍ ഹൈക്കോടതി പരിഗണിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ ഉടൻ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചത്. അങ്ങനെയെങ്കിൽ ഇവരുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തെക്കെയെന്ന് അറിയിക്കാൻ കേന്ദ്ര –സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നി‍ർദേശിച്ചു.

ഓരോ രാജ്യങ്ങളിലും സ്വീകരിച്ച നടപടികൾ വെവ്വേറെ കോടതിയെ അറിയിക്കണം. പ്രവാസികൾ തിരിച്ചെത്തിയാൽ അവരെ സ്വീകരിക്കാനുളള നടപടികൾ എന്തെക്കെ സ്വീകരിച്ചെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ പ്രവാസികളെ നിരീക്ഷണത്തിൽ അവരവരുടെ വീടുകളിലേക്ക് അയക്കാൻ ആകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹ‍ർജി വീണ്ടും 24ന് പരഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *