മെയ് ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ഓരോ തൊഴിലാളികൾക്കും സല്യൂട്ട് അർപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണെന്നും ഈ ദിനം അതിനുള്ള ഊർജ്ജമാകട്ടെ എന്നും അദ്ദേഹം തൻ്റെ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓർമ്മയിൽ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയിൽ ലോകമെങ്ങും വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വർഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയർന്ന നിലയിൽ നിർവ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവർ തങ്ങളുടേതായ രീതിയിൽ ഈ കോവിഡ് – 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. അവർക്കെല്ലാം കേരളത്തിൻ്റെ ബിഗ് സല്യൂട്ട്.

ഈ മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വർഗം തന്നെയാണ്. അവരെ ചേർത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗൺ കാലം വരുമാന നഷ്ടത്തിൻ്റെ കാലമായപ്പോൾ അവർക്ക് താങ്ങായി നിൽക്കാനുള്ള പദ്ധതികളാണ് നാം കേരളത്തിൽ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയിൽ നമുക്ക് ആ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേർത്തു പിടിച്ചു.

കോവിഡ് – 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊർജ്ജമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *