ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.
രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ 4 സൈനിക ഉദ്യോഗസ്ഥരും ജമു കശ്മീർ പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതിൽ നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊലീസിൻ്റെയും സൈന്യത്തിൻ്റെയും സംയുക്ത സംഘത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. രാത്രിയാണ് ഇവർ കൊല്ലപ്പെട്ടത്.
കൂടുതൽ ഭീകരവാദികൾ ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്നാണ് സൈന്യത്തിൻ്റെ കണക്കുകൂട്ടൽ. ഇവരെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. തീവ്രവാദികൾക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഒപ്പം, വീട്ടുകാരെ ഭീഷണിപ്പെടുത്തി വീടുകളിൽ കഴിയുന്ന തീവ്രവാദികളും ഉണ്ട്. ഗ്രാമം മുഴുവൻ ഇപ്പോൾ സൈന്യവും പൊലീസും സംയുക്തമായി പരിശോധിക്കുകയാണ്.
കേണൽ അശുതോഷ് ശർമ്മ, മേജർ അനുജ്, ഒരു ലാൻസ് നായിക്, ഒരു റൈഫിൾമാൻ, പൊലീസ് എസ് ഐ ഷക്കീൽ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം, കൊവിഡ് 19 ബാധിച്ച തീവ്രവാദികളെ ചാവേറാക്കി അതിർത്തി കടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സൈന്യം പറയുന്നു. വിവിധ സ്ഥലങ്ങളിൽ ഇത് നടക്കുന്നുണ്ട്. ഇവിടുത്തെ ഗ്രാമീണരിൽ വൈറസ് പരത്തി സൈനികരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനെതിരെ കരുതൽ എടുക്കുന്നുണ്ടെന്നും തെരച്ചിൽ തുടരുന്നുണ്ടെന്നും സൈന്യം അറിയിച്ചു.