പാലക്കാട്: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി ഇടപഴകിയ കോണ്‍ഗ്രസ് ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പോലീസും ക്വാറന്റൈനില്‍ പോകണമെന്ന് 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം.
രോഗിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോടാണ് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി. ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും അയാള്‍ പങ്കെടുത്തു.
രാത്രി വൈകി ഇയാള്‍ക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിര്‍ത്തിയില്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വിളിച്ചുകൂട്ടി സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.