കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം

കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 16 പരിശോധനാഫലവും നെഗറ്റീവാണ്.

കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം. 25,603 പേരാണ് നിരീക്ഷണത്തില്‍. 237 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് 4967 പേരും മലപ്പുറത്ത് 3875 പേരുമാണ് നിരീക്ഷണത്തില്‍. തിരുവനന്തപുരത്ത് 3217 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. തൃശൂര്‍ ജില്ലയില്‍ 3053 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂരില്‍ 2241 പേരും എറണാകുളത്ത് 1068 പേരും ഐസൊലേഷനിലാണ്. ആലപ്പുഴയില്‍ 1922 പേരും കോട്ടയത്ത് 1415 പേരുമുണ്ട് നിരീക്ഷണത്തില്‍.

പരീക്ഷകള്‍ മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റേണ്ടെന്നാണ് ഇതുവരെയുളള സര്‍ക്കാര്‍ നിലപാട്. എന്നാല്‍ വരും ദിവസങ്ങളില്‍ നടത്തേണ്ട ക്രമീകരണം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ചു തീരുമാനിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകൾ ഒഴിവാക്കി. അധ്യാപകർ പേപ്പറുകൾ വീടുകളിൽ വച്ച് മൂല്യനിർണയം നടത്തിയാൽ മതിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. മൂല്യനിർണയത്തിന് ശേഷം മാർക്കും പേപ്പറും തിരികെ നൽകാന്‍ മാത്രമേ അധ്യാപകർ ക്യാംപിൽ എത്തേണ്ടതുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *