പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോഴിക്കോട്: ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. രാജ്യത്ത് 169 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്. 47പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാഗാ അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വിദേശ യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് വിലക്കും. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതൊടൊപ്പമാണ് കേന്ദ്രസര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടന്നത്.

അതോടൊപ്പം രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ കേരളത്തിലൂടെയുള്ള 12 ട്രെയിനുകള്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ റദ്ദാക്കി. സംസ്ഥാനത്ത് തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ വീക്ക്‌ലി എക്‌സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടുന്നു. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. കൊല്ലത്ത് നിന്നുള്ള മുഴുവന്‍ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കുമെന്നും റെയില്‍വെ അറിയിച്ചു. നേരത്തെ 168 ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *