മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛൻ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതിക്ക് വേണ്ടി അഡ്വ. പിസി മൊയ്തീൻ ഹാജരായി. അഡ്വ. വാസു ആയിരുന്നു പ്രോസിക്യൂട്ടർ. ഏല്ലാ പ്രധാന സാക്ഷികളും കൂറി മാറിയതാണ് പ്രോസിക്യൂഷന് വിനയായത്.

മാർച്ച് 23 നാണ് കേരളത്തെ നടുക്കിയ കൊലപാതകം സംഭവിക്കുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ട ബ്രിജേഷ് എന്ന യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയായിരുന്നു ബ്രിജേഷ്. എന്നാൽ ആതിരയുടെ പിതാവ് രാജന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. പ്രശ്‌നം പൊലീസ് സ്റ്റേഷനിൽ എത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ മദ്യപിച്ച് വീട്ടിൽ എത്തിയ രാജൻ ഇക്കാര്യത്തെ ചൊല്ലി ആതിരയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പിതാവിൽ നിന്ന് രക്ഷപ്പെടാനായി ആതിര അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും കട്ടിലിനടിയിൽ ഒളിക്കുകയും ചെയ്തു. എന്നാൽ രാജൻ ആതിരയെ തെരഞ്ഞു പിടിച്ചു കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് കത്തികളുമായി കുറ്റാരോപിതനായ രാജനെ പൊലീസ് പിടികൂടുകയായിരുന്നു.

ഇടതുനെഞ്ചിൽ ആഴത്തിലുണ്ടായ മുറിവ് ഹൃദയം തകർത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദുരഭിമാനം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്ന് ആതിരയുടെ അച്ഛൻ രാജൻ പൊലീസിന് മൊഴിനൽകിയിരുന്നു.

ഇവർ തമ്മിലുള്ള വിവാഹം ഒരിക്കൽ കഴിഞ്ഞതാണെങ്കിലും ചടങ്ങുകൾ അനുസരിച്ച് കല്യാണം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ആതിര വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ യുവാവുമായി ഒരുമിച്ച് ജീവിക്കുകയെന്ന ആതിരയുടെ സ്വപ്‌നം തകർത്തെറിഞ്ഞ് സ്വന്തം അച്ഛൻ ആതിരയെ കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *