കോവിഡിനു ശേഷം രൂപപ്പെടുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി മുന്നേറാന്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ 125 ആം വാര്‍ഷികം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മോദി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുക എന്നതാവണം ആത്മ നിര്‍ഭര്‍ പാക്കേജിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പഴയ നയങ്ങള്‍ ഉപേക്ഷിച്ച് ലോകരാജ്യങ്ങള്‍ പരസ്പര സഹകരണത്തിന്‍റേതായ പുതിയ പാതകള്‍ അന്വേഷിക്കുകയാണ്. മുമ്പൊരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ലാത്ത നയപരമായ പരിഷ്‌കരണങ്ങളാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. കാര്‍ഷിക മേഖലയിലും കല്‍ക്കരി, ഊര്‍ജ മേഖലകളിലും പഴയ നിയമങ്ങള്‍ തിരുത്തിയെഴുതി. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ എവിടെയും വില്‍ക്കാനാവും. എം.എസ്.എം.ഇ നിയമവും തന്റെ സര്‍ക്കാര്‍ മാറ്റിയെഴുതി. ഇന്ത്യയെ സ്വയം പര്യാപ്തരാക്കുന്നതിന് സഹായിക്കുന്നതാണ് ഈ നിയമങ്ങള്‍. ഈ പരിഷ്‌കരണങ്ങളിലൂടെ തീരുമാനങ്ങള്‍ എടുക്കാനുള്ള ചങ്കൂറ്റമാണ് ഇന്ത്യ ഉറപ്പു വരുത്തിയത്. കോവിഡ് കാലത്ത് രാജ്യം പിന്നാക്കം പോയെങ്കിലും വരും ദിവസങ്ങളില്‍ ഇന്ത്യ മടങ്ങിയെത്തുമെന്നും രാജ്യത്ത് മികച്ച തൊഴിലവരസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു.

വ്യവസായികളോടൊപ്പം തന്‍റെ ഗവണ്‍മെന്‍റ് ഉറച്ചു നില്‍ക്കുമെന്നും രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ഈ അവസരം വ്യവസായികള്‍ ഉപയോഗപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു. പ്രാദേശിക മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ പുതിയ ശൃംഖലകള്‍ സൃഷ്ടിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ സി.ഐ.എയെ പോലുള്ള സംഘടനകള്‍ക്ക് വലിയ ദൗത്യം നിര്‍വഹിക്കാനാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *