തിരുവനന്തപുരം: കേരളത്തില്‍ ഉറവിടം കണ്ടെത്താനാകാത്ത നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ കനത്ത ആശങ്ക. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ തരം രോഗബാധയും മരണങ്ങളും. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കണക്കെടുപ്പും പ്രയാസമേറിയ കാര്യമായിരിക്കുകയാണ്.

ആദ്യം തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ചു മരിച്ച അബ്ദുല്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന്‍ കെജി വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് എവിടെനിന്നാണ് എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്.

ഇവര്‍ക്ക് വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി സമ്പര്‍ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തിയത്. അതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു പോകുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. അങ്ങനെയെങ്കില്‍ അത്തരം ആളുകള്‍ ഇനിയുമേറെപ്പേര്‍ക്ക് രോഗം പടര്‍ത്തിയിട്ടുണ്ടാകില്ലേ എന്നതാണ് ആശങ്കയുയര്‍ത്തുന്നത്.

സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് – പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം – 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാല്‍ ഉറവിടം അജ്ഞാതമായതും സമ്പര്‍ക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേരളം.

Leave a Reply

Your email address will not be published. Required fields are marked *