കോഴിക്കോട്: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇത് വരെ രോഗം സ്ഥിരീകരിച്ചത് രണ്ടരലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ കോവിഡ് 19- ന്റെ ഉറവിടമായ ചൈനയിലുണ്ടായതിനേക്കാള്‍ മരണമാണ് ഇറ്റലിയിലുണ്ടായിരിക്കുന്നത്. കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ രൂക്ഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയുടെ സ്ഥിതി. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഉണ്ടായത്. ചൈനയില്‍ ഇതുവരെ ഉണ്ടായത് 3245 മരണങ്ങളും. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു.

ഇറാനിലാണ് ഇറ്റലി കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. സ്‌പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 193 പേരാണ്. പതിനെണ്ണായിരത്തിന് മുകളില്‍ ആളുകളാണ് ഇവിടെ രോഗബാധിതര്‍. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം മരിച്ചത് 108 പേരാണ്. 207 പേര്‍ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടണില്‍ ഇതുവരെ 144 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ 15,000ത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇന്നലെ മാത്രം മരിച്ചത് 16 പേരാണ്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യൂറോപിന്റെ എല്ലാ അതിര്‍ത്തികളും അടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയില്‍ ബാറുകളും തിയേറ്ററുകളും അടച്ചു. ബ്രിട്ടനില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച 87,407 പേര്‍ സുഖം പ്രാപിച്ചു എന്നതാണ് ആകെ ആശ്വാസം നല്‍കുന്ന വാര്‍ത്ത. ഇന്ത്യയിലും അവസ്ഥ വിഭിന്നമല്ല. എല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *