കോവിഡിന്റെ വലയില്‍ കുടുങ്ങി കരകയറാനാകാതെ ലോകം. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,982,822 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു എന്നാണ് കണക്കുകള്‍. ലോകത്താകെ നാളിതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.

24 മണിക്കൂറിനിടെ അമേരിക്കയില്‍ 19,223 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലില്‍ 598-ഉം അമേരിക്കയില്‍ 326-ഉം പേര്‍ കൂടി മരിച്ചു. എന്നാല്‍ യൂറോപ്പില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ ഇടിവുണ്ടായത് ആശ്വാസമാണ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 11502 പോസിറ്റീവ് കേസുകളും 325 മരണവുമാണ്.

ഇന്ത്യയില്‍ പോസിറ്റീവ് കേസുകളില്‍ ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും 300 കടന്നിരിക്കുകയാണ് മരണങ്ങള്‍. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 332424 ആയി. ഇതുവരെ 9520 പേര്‍ മരിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 169797 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 153106 ആണ്.

അതേസമയം, രാജ്യത്തെ കൊവിഡ് പരിശോധനകള്‍ 57 ലക്ഷം കടന്നു. ഇതുവരെ 5774133 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 115,519 സാമ്പിളുകള്‍ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *