കൊച്ചി: എറണാകുളം നായരമ്പലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇന്നലെയാണ് നാല്‍പ്പത്തി മൂന്നുകാരനായ നായരമ്പലം സ്വദേശി പനിയും മറ്റ് രോഗ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടും ആരോഗ്യപ്രവര്‍ത്തകരോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ നായരമ്പലത്തെയും കലൂരിലെയും വിവിധയിടങ്ങളില്‍ എത്തിയിരുന്നു. രോഗിയുടെ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും ആരോഗ്യവിഭാഗം തയാറാക്കുകയാണ്. താന്‍ സമീപകാലത്തൊന്നും ദീര്‍ഘദൂര യാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് ഇയാള്‍ നല്കിയ പ്രാഥമിക വിവരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഇയാള്‍ വിദേശത്തു നിന്നോ മറ്റ് സംസ്ഥാനത്തു നിന്നോ മടങ്ങി വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നായരമ്പലം പഞ്ചായത്തിലെ 2,15 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടുകയും ചെയ്തു. കൂടുതല്‍ പേര് നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി യോഗം ചേരും. നിരീക്ഷണത്തിലുള്ള മറ്റൊരു നായരമ്പലം സ്വദേശിയുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം പുറത്തുവരും. കോവിഡ് സ്ഥിരീകരിച്ച വ്യക്തി നായരമ്പലത്തെ കടകളിലും ബാങ്കിലും സ്വകാര്യ ക്ലിനിക്കിലും പോയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നായരമ്പലം പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കൂടാതെ ജില്ലയില്‍ പുതിയതായി നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നെത്തിയ ചെങ്ങമനാട് സ്വദേശി, ജൂണ്‍ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂര്‍ സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഏലൂര്‍ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 21 വയസുള്ള പച്ചാളം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 122 ആയി.