തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരം കര്‍ശന നിയന്ത്രണത്തിലേക്ക്. തലസ്ഥാനത്ത് പത്ത് ദിവസം കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

പഴം,പച്ചക്കറി കടകള്‍ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാര്‍ 50 % മാത്രമേ പാടുള്ളുവെന്നും തിരുവനന്തപുരം മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ചാലയും പാളയവും ഉള്‍പ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത് ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നാണ്. നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും കോര്‍പറേഷന്‍ മേയര്‍ അറിയിച്ചു.

അതേ സമയം രോഗവ്യാപനത്തെ കുറിച്ചുളള ഭയം ശക്തമായതോടെ നഗര നിരത്തുകളിലും പൊതുഇടങ്ങളിലും ആള്‍ത്തിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കണ്ടയ്ന്‍മെന്റ് സോണുകളിലേക്കുളള ഗതാഗത നിയന്ത്രണം തുടരുകയാണ്. എല്ലായിടത്തും പൊലീസ് പരിശോധനകള്‍ ശക്തമാണ്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. ജില്ലാ അതിര്‍ത്തിയിലും തീരമേഖലയിലും നിയന്ത്രണ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *