തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം വിജയ ശതമാനം 98.11 ആയിരുന്നു. 41906 പേര്‍ക്ക് എല്ലാ വിഷങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്.

ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം 2015 ഇല്‍ കിട്ടിയ 98.57 ശതമാനമാണ്. കോവിഡ് കാലത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.

കോവിഡ് കാലഘട്ടത്തില്‍ തികച്ചും ജനകീയമായി പരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിംഗ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും.

പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്സൈറ്റുകള്‍

www.prd.kerala.gov.in
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.sietkerala.gov.in

എസ്എസ്എല്‍സി(എച്ച്ഐ) ഫലം- http://sslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി(എച്ച്ഐ) ഫലം http://thslchiexam.kerala.gov.in
ടിഎച്ച്എസ്എല്‍സി ഫലം- http://thslcexam.kerala.gov.in
എഎച്ച്എസ്എല്‍സി റിസള്‍ട്ട് http://ahslcexam.kerala.gov.in

ഇത്തവണ 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങുകയും 22 ന് പൂര്‍ത്തിയാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *