ഡല്‍ഹി: ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഐഎല്‍) വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നതായി ഐ സി എം ആര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബിബിഐഎല്‍.

ഡല്‍ഹി, ബീഹാര്‍, ഹരിയാന, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിക്കുന്നത്. ഡല്‍ഹിയിലെയും പട്നയിലെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റല്‍, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെസ്സ്, ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ ആണ് വാക്സിന്റെ പരീക്ഷണം പുരോഗമിക്കുന്നത്.

കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത് കുറച്ച് ദിവസം മുന്‍പാണ്. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. ജൂലൈ മാസത്തോടെ ട്രയല്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല മുന്‍പേ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലൈ 31 നകം ക്ളിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ആണ് യോഗത്തില്‍ ഉണ്ടായ തീരുമാനം. ക്ലിനിക്കല്‍ പരിശോധനയും ആയി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിലെ വിവിധ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കാനും തീരുമാനം ആയി. പരീക്ഷണം വിജയകരമായാല്‍ ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തില്‍ വാക്സിനെ സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം നരേന്ദ്ര മോദി നടത്തും. ഓഗസ്റ്റില്‍ പ്രഖ്യാപനം ഉണ്ടായാലും സെപ്റ്റംബറോടെ മാത്രമേ വാക്സിന്‍ പൊതുവിപണിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളു എന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രമുഖ മരുന്നു നിര്‍മാണ കമ്പനിയായ സെഡസ് കാഡില തയ്യാറാക്കിയ വാക്സിനും ക്ലിനിക്കല്‍ പരീക്ഷണത്തിന് സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. ഈ വാക്സിന്റെയും പരീക്ഷണം ജൂലൈയില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും. മറ്റ് പത്തോളം കമ്പനികളും ക്ലിനിക്കല്‍ പരിശോധനയുടെ അനുമതിക്കായി സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *